| ചിക്കാഗോ: ജനുവരി 9-ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന മാര്‍ക്കിന്റെ കുടുംബ സംഗമത്തില്‍ ഇല്ലിനോയി സൊസൈറ്റി ഫോര്‍ റെസ്പിരേറ്ററി കെയറിന്റെ പ്രസിഡന്റ് ബ്രയന്‍ ലോവ്‌ലര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 2001-ല്‍ സ്ഥാപിതമായതുമുതല്‍ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനിലെ പ്രാദേശിക-ദേശീയ സംഘടനകളുമായി മാര്‍ക്ക് പുലര്‍ത്തിവരുന്ന ഊഷ്മള ബന്ധത്തിന്റെ സാക്ഷ്യംകൂടിയാകും സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ഐ.എസ്.ആര്‍.സി പ്രസിഡന്റിന്റെ സാന്നിധ്യം. ഡോ. ബിന്‍സി ഏബ്രഹാം സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. യുവാക്കള്‍ക്ക് ഒരു മാതൃകയും, തൊഴിലില്‍ പൂര്‍ണ്ണ അര്‍പ്പണബോധവുമുള്ള ഡോ. ബിന്‍സിയുടെ മാതാപിതാക്കള്‍ ഇരുവരും റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളാണെന്നത് അഭിമാനകരമാണ്. വിശിഷ്ടാതിഥികള്‍ ഇരുവരുടേയും സാന്നിധ്യവും സന്ദേശങ്ങളും സമ്മേളനത്തിന് നിറപ്പകിട്ടേകുമെന്ന് സംഘാടകര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.
വൈകുന്നേരം 5.30-ന് സോഷ്യല്‍ അവറോടുകൂടി സമ്മേളനം ആരംഭിക്കും. 6.30-ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റ് യേശുദാസ് ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. 2016- 18 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് ഭാരവാഹികള്‍ തദവസരത്തില്‍ സംഘടനയുടെ ചുമതല ഏറ്റെടുക്കും.
പൊതുസമ്മേളനത്തിനുശേഷം നടത്തപ്പെടുന്ന നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാമേളയില്‍ സംഘനൃത്തങ്ങള്‍, സോളോ സോംഗ്‌സ്, സ്കിറ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തമായ ആലാപനാശൈലിയുടെ ഉടമകളും യുവാക്കള്‍ക്ക് ആവേശമായി മാറിയിട്ടുള്ള ഷാബിന്‍- ശാന്തി ജയ്‌സണ്‍ ടീമിന്റെ ഗാനമേളയും അരങ്ങേറും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
മാര്‍ക്കിന്റെ ഈ പുതുവത്സര കുടുംബ സംഗമത്തിലേക്ക് ഇല്ലിനോയിയിലെ എല്ലാ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും സകുടുംബം സ്വാഗതം ചെയ്യുന്നു. ഈ കൂട്ടായ്മയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങണമെന്ന് താത്പര്യപ്പെടുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ ഡിസംബര്‍ 26-ന് മുമ്പ് എന്റെര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
മാര്‍ക്ക് കുടുംബ സംഗമത്തിന്റെ ആദ്യ ടിക്കറ്റ് പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസില്‍ നിന്നും മുന്‍ പ്രസിഡന്റ് ടോം കാലായില്‍ സ്വീകരിച്ചു. സെക്രട്ടറി വിജയന്‍ വിന്‍സെന്റ് അറിയിച്ചതാണിത്. |
Comments
Post a Comment