| ഷിക്കാഗോ: നൂറോളം റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും, കുടുംബാംഗങ്ങളും പങ്കെടുത്ത മലയാളി അസോസിയേഷന്‍ ഓഫ് റെസ്‌പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ പുതുവത്സര കുടുംബ സംഗമം ശ്രദ്ധേയമയി. ജനുവരി 24-ന് ശനിയാഴ്‌ച വൈകുന്നേരം നടത്തപ്പെട്ട ഈ വാര്‍ഷികാഘോഷത്തിന് വേദിയായത് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളാണ്.
ബേബി സ്വാതി അജിത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സെക്രട്ടറി വിജയന്‍ വിന്‍സെന്റ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിലും കാരുണ്യ പ്രവര്‍ത്തനത്തിലും ഊന്നിയുള്ള സംഘനയുടെ കഴിഞ്ഞ 13 വര്‍ഷത്തെ പ്രവര്‍ത്തന വിജയത്തില്‍ അഭിമാനംകൊണ്ടു. നാനൂറില്‍ അധികം വരുന്ന ഇല്ലിനോയിയിലെ മലയാളി റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ പുരോഗതിയും താത്‌പര്യങ്ങളുമാണ് മാര്‍ക്കിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മാര്‍ക്ക് പ്രസിഡന്റും ഷിക്കാഗോ മെതഡിസ്റ്റ് ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്ററുമായ ജോസഫ് ചാണ്ടി കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസിന്റേയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ശാഘിച്ചു. അമേരിക്കയിലെ ആരോഗ്യരക്ഷാ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളേയും വെല്ലുവിളികളേയും കുറിച്ച് തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ജോസഫ് ചാണ്ടി പരാമര്‍ശിച്ചു. അമേരിക്കയിലെ സമ്പത്തിന്റെ 18 ശതമാനം ആരോഗ്യരക്ഷയ്‌ക്കായി മാറ്റിവെച്ചിട്ടും ചികിത്സാ നിലവാരത്തില്‍ നാം ലോകത്തില്‍ ഏഴാം സ്ഥാനത്ത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സാരംഗത്തെ മാറുന്ന പ്രവണതകള്‍ കണക്കിലെടുത്ത് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഈ.കെ.ജി, അള്‍ട്ര സൗണ്ട്, എക്കോ കാര്‍ഡിയോഗ്രാം, സ്‌ട്രെസ് ടെസ്റ്റ് എന്നീ പരിശോധനാ ഉപാധികളില്‍ ട്രെയിനിംഗ് നേടുന്നത് ഗുണകരമാകുമെന്ന് റെസ്‌പിരേറ്ററി കെയര്‍ പ്രൊഫഷണലുകളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് പ്രസ്സന്‍സ് ഹെല്‍ത്ത് സിസ്റ്റം വൈസ് പ്രസിഡന്റ് ഡോ. റേച്ചല്‍ ജോര്‍ജാണ്. ഏറെ വിജ്ഞാപനപ്രദമായ പ്രഭാഷണങ്ങളിലൂടെ രോഗികളുടേയും, സമൂഹത്തിന്റേയും, നിരീക്ഷണ ഏജന്‍സികളുടേയും, ഗവണ്‍മെന്റിന്റേയും പ്രതീക്ഷയ്‌ക്ക് അനുസൃതമായ ചികിത്സ പ്രദാനം ചെയ്യുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ഹോസ്‌പിറ്റലുകള്‍ക്കും, ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്കും നിലനില്‍പുള്ളുവെന്ന് ഡോ. റേച്ചല്‍ ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. ചികിത്സയുടെ ഫലം, രോഗിയുടെ സംതൃപ്‌തി, ചുരുങ്ങിയ ചിലവ്, നിലവാരത്തിലുള്ള സേവനം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കുന്ന ഒരു സമീപനമാണ് ആരോഗ്യരക്ഷാരംഗത്ത് ഇപ്പോഴുള്ളതെന്ന് അവര്‍ പറഞ്ഞു. ഏറ്റവും ചുരുങ്ങിയ ചിലവില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് അമേരിക്കയിലെ ആരോഗ്യരക്ഷാ വിഭാഗം ഏറ്റെടുത്തിരിക്കുന്ന പുതിയ വെല്ലുവിളിയെന്നും ഡോ. റേച്ചല്‍ ജോര്‍ജ് വെളിപ്പെടുത്തി.
മാര്‍ക്ക് കുടുംബ സംഗമത്തിലെ സ്ഥിര സാന്നിധ്യമായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ ദാരുണ മരണത്തിനിടയാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തുന്ന തീവ്ര ശ്രമങ്ങള്‍ സമ്മേളനത്തില്‍ സന്നിഹിതയായിരുന്ന മാതാവ് ലൗലി വര്‍ഗീസ് വിശദീകരിച്ചു. അന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് റൈസിംഗിനായി വില്‍ക്കുന്ന `ടീഷര്‍ട്ടുകള്‍' മുഖ്യാതിഥികള്‍ക്ക് യോഗത്തില്‍ വെച്ച് നല്‍കുകയുണ്ടായി.
ചെണ്ടമേളം, സംഘനൃത്തങ്ങള്‍, ഗാനമേള, കവിതാ പാരായണം എന്നിവ ഉള്‍പ്പെടുത്തി മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍ സദസ് ആസ്വദിച്ചു. ഷൈനി ഹരിദാസ്, സമയാ ജോര്‍ജ്, സോണിയാ വര്‍ഗീസ് എന്നിവര്‍ ആഘോഷപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുകയും എം.സിമാരായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. മാര്‍ക്ക് ട്രഷറര്‍ സാം തുണ്ടിയില്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. മാക്‌സ് ജോയി, സണ്ണി കൊട്ടുകാപ്പള്ളി, ജോമോന്‍ മാത്യു, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ കുടുംബ സംഗമത്തിന് നേതൃത്വം നല്‍കി. സെക്രട്ടറി വിജയന്‍ വിന്‍സെന്റ് അറിയിച്ചതാണിത്. | |
Comments
Post a Comment